മുന്നറിയിപ്പ്


2011 ജൂൺ 15, ബുധനാഴ്‌ച

അവള്‍ കാള പോലൊരു പെണ്‍കുട്ടി

സ്വര്‍ഗം 2

അതിനു മുന്‍പായി കഴിഞ്ഞ സ്വര്‍ഗത്തിലെ  പ്രശസ്ത ഭാഗങ്ങളിലേക്ക് ഒന്ന് ഊളിയിടാം, ലൈഫ് ജാക്കറ്റുകള്‍ ഇല്ലാത്തവര്‍ അതിന് ശ്രെമിക്കരുത് വായനക്കാരുടെ സുരക്ഷയില്‍  കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.

ആഗോള തറവാടുകളിലെ മൊത്ത വിലനിലവാര തകര്‍ച്ചയില്‍ പ്രഥമസ്ഥാനം അലങ്കരിച്ചിരുന്ന  ഒരു  തറവാടായിരുന്ന  കൊന്നപ്പുറം തറവാടില്‍ നടന്ന  കൂട്ട ബലാല്‍സംഗം. സോറി  കൂട്ട കൊലപാതകത്തിന്റെ അന്വേഷണ ചുമതലയുമായി വന്ന സ്ഥലം എസ്. ഐ.  ഉമ്മന്‍ കോശിയും ആറു തവണ മിസ്സ്‌ പോലീസ് പട്ടി സുന്ദരിയുമായ സ്നിപ്പര്‍ ഡോഗ്   പ്രിന്‍സിയും തറവാടിന്റെ പുറകിലെ കുറ്റിക്കാട്ടില്‍  മണം പിടിച്ച കുറ്റബോധത്തോടെ വിരിഞ്ഞുനില്‍ക്കുന്നിടത്ത് നോവലിന്‍റെ  ആദ്യഭാഗം വിജുലുംബിച്ച്  നില്‍ക്കുകയാണ്. കാരണം നോവലിസ്റ്റ് അതായത് ഞാന്‍ (യൂണിവേഴ്സല്‍ നോവലിസ്റ്റ് സാഗര്‍ കോട്ടപ്പുറം) വാറ്റ്  കേസില്‍ അകത്തു കിടന്നതാണ് നോവല്‍ അവിടെ വിജുലുംബിച്ച്   നില്ക്കാന്‍  കാരണം എന്ന്  അഹങ്കാരത്തോടെ ആരാധകര്‍ അറിയുക. ആരാധകര്‍ ദയവുചെയ്ത് എക്സൈസ് ഓഫീസ് ആക്ക്രമിക്കരുത് എന്ന അപേക്ഷയോടെ നോവലിന്‍റെ  രണ്ടാം സ്വര്‍ഗം  ആരംഭിക്കുകയാണ്  


ഭീകരത തിളച്ച് ആവിപറക്കുന്ന പൊട്ടക്കിണര്‍ 

ഭീകരത തിളച്ച് ആവിപറക്കുന്ന പൊട്ടക്കിണര്‍ 
പോലീസ് പട്ടി പ്രിന്‍സി ഒണക്കമീന്‍ മുള്ള് തൊണ്ടയില്‍ കുരുങ്ങിയ വികാരത്തോടെ എസ് ഐ ഉമ്മന്‍ കോശിയുടെ  മുകത്ത് നോക്കി നില്‍ക്കുകയാണ് .ചുറ്റും കൂടി നില്‍ക്കുന്ന ആളുകള്‍  ആകാംഷയോടെ എന്താണ് കുറ്റിക്കാട്ടില്‍ നടന്നത്  എന്നറിയാന്‍ അക്ഷമരായി കാത്തുനില്‍ക്കുകയാണ് . അകത്ത് കയറി നോക്കാന്‍ ചെന്ന നാട്ടുകാര്‍ക്കെതിരെ ഉമ്മന്‍കോശി ആറ് തവണ ശക്തമായി  ലാത്തിചാര്‍ജ് നടത്തി. ജനങ്ങള്‍ കൃഷ്ണനും രാധയും  റിലീസ് ദിവസം  ടിക്കറ്റ്‌ ഇല്ലാന്ന് കേട്ടപോലെ നിരാശരായി അടുത്ത ഷോ കാണാന്‍ മാറി നിന്നു.   ഉമ്മന്‍ കോശി പോക്കറ്റില്‍ നിന്നും നോക്കിയാ 3310 വലിച്ചെടുത്തു കവലയിലെ ജയ്‌ ഹനുമാന്‍ ക്രെയിന്‍ മുതലാളി  പുഷ്ക്കരന്‍ കൂത്താട്ടുകുളത്തെ   വിളിച്ച് ഹിറ്റാച്ചി ജെ സി ബി യുമായി എത്രയും പെട്ടന്ന് സംഭവസ്ഥലത്ത് എത്താന്‍ ആജ്ഞാപിച്ചു. സമയം ഇന്റികേറ്റര്‍ ഇട്ട്  ഉച്ച തിരിഞ്ഞപ്പോളെക്കും ഇന്റികേറ്റര്‍ ഇടാതെ  പുഷ്ക്കരന്‍ ജെ സി ബി യുമായി വന്ന്  തറവാടിന്റെ മുന്നില്‍ യു ടേണ്‍ എടുത്തു നിറുത്തി. പുറകില്‍ കെ എല്‍ 7 ഇ. 6848 മഞ്ഞ ടിപ്പര്‍ ലോറി ഡ്രൈവര്‍ ചവിട്ടി നിറുത്തിയ വെപ്രാളത്തില്‍ ആടി നിന്നു. ഉമ്മന്‍ കോശിയുടെ നിര്‍ദേശ പ്രകാരം ദുരന്തം ആവി പറക്കുന്ന  ഭീകരമായ കുറ്റിക്കാട് പുഷ്ക്കരന്‍  ജെ സി ബി ഉപയോഗിച്ച് വലിച്ചു പറിച്ച് ടിപ്പറില്‍ വെച്ചു. ടിപ്പര്‍ ലോറി പറിച്ച് വെച്ച  കുറ്റികാടുമായി തിരിച്ചു പോയി  

കുറ്റിക്കാട് പോയിടത്ത് തെളിഞ്ഞു വന്ന  നാലരയടി  താഴ്ചയുള്ള  വക്ക് പൊട്ടിയ  പൊട്ടക്കിണര്‍ സ്ഥലവാസികളായ ജനങ്ങളുടെ ആകാംഷ വര്‍ധിപ്പിച്ചു അത്ര നേരം കുറ്റിക്കാട് പറത്തിയിരുന്ന ഭീകരത ഇപ്പോള്‍ പൊട്ടകിണര്‍ ഏറ്റെടുത്തു 

ജെ സി ബി മുതലാളി കം ഡ്രൈവര്‍ കൂടി ആയ കൂത്താട്ടുകുളം പുഷ്ക്കരന്‍ ജെ സി ബി നിറുത്തി  കിണറിന്റെ അടുത്ത് ചെന്ന് കിണറിലേക്ക് നോക്കി............. തിരിച്ചു വന്ന് ജെ സി ബി യില്‍ പിടിച്ച് പറഞ്ഞു. "

പുല്ല്, കാട് പറിക്കണ്ടാരുന്നു" 

പറിച്ച കുറ്റികാടിനെ  മനസ്സില്‍ ഓര്‍ത്തു പുഷ്ക്കരന്‍ ജെ സി ബിടുടെ ടയറില്‍ തലകുത്തി  കുനിഞ്ഞു നിന്നു. എസ് ഐ ഉമ്മന്‍ കോശി മീശ പിരിച്ച് മുകളിലേക്ക് വെച്ചിട്ട്  പുഷ്ക്കരനെ  പുറത്തു തട്ടി സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു ..പുഷ്ക്കരന്‍ മൂക്കള പിഴിഞ്ഞ് അലക്ഷ്യമായി വലിച്ചെറിഞ്ഞു. പോലീസ് പട്ടി പ്രിന്‍സി വിദഗ്ദ്ധമായി കുനിഞ്ഞു കൊടുത്തതിനാല്‍ മൂക്കള  പ്രിന്‍സിയുടെ ദേഹത്ത് വീഴാതെ വന്‍ ദുരന്തം ഒഴിവായി. പുഷ്ക്കരന്‍ പ്രിന്‍സിയോട് സോറി പറഞ്ഞ് ജെ സി ബി യുമായി തിരിച്ചു പോയി  

സൂര്യന്‍ അന്നത്തെ ജോലി അവസാനിപ്പിച്ച്‌ റസ്റ്റ്‌ എടുക്കാന്‍  അറബി കടലിലേക്ക്‌ ലാന്‍ഡ്‌ ചെയ്ത് തുടങ്ങി  അണ്ടി ആഫീസ് വിട്ട് പെണ്ണുങ്ങള്‍ പോണപോലെ കാക്കകള്‍ ചേക്കേറാന്‍ കൂട്ടം കൂട്ടമായി പറന്ന് നീങ്ങുന്നു. അവയെ നോക്കി പുച്ഛത്തോടെ കിടക്കുന്ന പട്ടി പ്രിന്‍സി. മീശ പിരിച്ച് അലക്ഷ്യമായി  ഉലാത്തുന്ന ഉമ്മന്‍ കോശി .കിണറ്റില്‍ എന്താണ്‌ എന്നറിയാന്‍ അക്ഷമരായി  കാത്തു നില്‍ക്കുന്ന  നാട്ടുകാര്‍ . ചിലര്‍ ആകാംഷ ഉപേക്ഷിച്ച് കുത്തിയിരുന്നു. സഹികെട്ട ഒരു നാട്ടുകാരന്‍  ഉമ്മന്‍ കോശിയോട് പറഞ്ഞു 

ഇയാടെ പൂട പിരിക്കുന്ന ഷോ കാണാന്‍ അല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത് 

മാറി നിക്കടാ കള്ള ...മോ ..നെ എന്ന് പറഞ്ഞ് വീണ്ടും പോക്കറ്റില്‍ നിന്ന്‌  നോക്കിയാ 3310 വലിച്ചെടുത്ത്‌ നമ്പര്‍ കുത്തി ചെവിയില്‍ വെച്ചിട്ട്  പറഞ്ഞു 

"വണ്‍ ആംബുലന്‍സ് വിത്ത്‌ സോമന്‍"

കുറച്ചു സമയം വീണ്ടു ഉമ്മന്‍കോശി ഉലാത്തി ഉലാത്തല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍  ആംബുലന്‍സ്   നിലവിളി ശബ്ദവുമായി വന്ന് തറവ്ടിനെ വാതിലില്‍ നിന്നു.. ആംബുലന്‍സിന്റെ   മുന്നില്‍ നിന്നും വീയട്നാം കോളനിയിലെ റാവുത്തറിനെപ്പോലെ രൂപകാന്തിയുള്ള ഒരാള്‍  സ്ലോമോഷനില്‍ ഇറങ്ങി വന്നു. ഉമ്മന്‍ കോശി പൊട്ടക്കിണറിന്റെ അടുത്ത് നിന്ന്‌ വിളിച്ച് പറഞ്ഞു.  

സൊമാ വാടാ 

സോമന്‍ ചെന്ന് കിണറ്റില്‍ നോക്കി. നോക്കിയപോലെ തിരിഞ്ഞ് നിന്നു ഉമ്മന്‍ കോശിയോട് പറഞ്ഞു. ആറ് മണിക്ക് ഭാര്യയേം കൊണ്ട് ആശുപത്രിയില്‍ പോണം സാറെ. ഉമ്മന്‍ കോശി സോമനെ മാറ്റി നിറുത്തി രണ്ടു ഫുള്‍ ഓള്‍ഡ്‌ കാസ്ക്കും നടരാജ വിലാസം ഹോട്ടല്‍ സ്പെഷ്യല്‍ ആട്ടുംകുടല്‍ ഒലത്തിയതും  വാഗ്ദാനം ചെയ്തു .സോമന്‍ പിന്നെ ഒന്നും ആലോചിക്കാതെ ഉടുപ്പൂരി അരയില്‍ കെട്ടി കിണറ്റിലേക്ക് ചാടി..

പത്തു മിനിട്ട് നല്പ്പത്തിയാറ് സെക്കന്‍റുകള്‍ക്ക്   ശേഷം  കയറി വന്ന സോമന്‍  ഉമ്മന്‍ കൊശിയോട് പറഞ്ഞു  

പുല്ല് "ഫിറ്റര്‍ മാരെ കൊണ്ട് വരിന്‍" 


തുടരും ..........
   

2011 ഫെബ്രുവരി 16, ബുധനാഴ്‌ച

അവള്‍ കാള പോലൊരു പെണ്‍കുട്ടി (സ്വര്‍ഗം ഒന്ന്)

സ്വര്‍ഗം ഒന്ന് 


മധ്യതിരുവതാംകൂര്‍ രാജകുടുംബത്തിലെ  നാല്‍പ്പത്തി ആറാമത്  തായ് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ  ഒരുകൂട്ടം ക്ഷത്രിയ കുടുംബങ്ങള്‍ അടക്കം അനേകം ആളുകള്‍  തിങ്ങി പാര്‍ക്കുന്ന കേരളത്തിലെ ഒരു കൊച്ചു ഗ്രാമം.  ഇടിഞ്ഞു വീഴാറായ പഴയ  നാലുകെട്ടുകള്‍,  മനകള്‍, പൂവനങ്ങള്‍ , ഒറ്റപ്പെട്ടു മാത്രം കാണപ്പെടുന്ന  പോട്ടക്കുളങ്ങള്‍,  മാസം തികഞ്ഞ് പേറാന്‍ നില്‍ക്കുന്ന മുണ്ടകപ്പാടങ്ങള്‍  ,മുട്ടിട്ടു നില്‍ക്കുന്ന ഏതാനും  പെട്ടിക്കടകള്‍, ഒരു ചായക്കട, ചായക്കടയുടെ മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന നാല് ഏത്തക്കുലകള്‍ ഇതൊക്കെയാണ് ഒറ്റനോട്ടത്തില്‍ ആ ഗ്രാമം. മൊത്തത്തില്‍ പറഞ്ഞാല്‍ തിടമ്പ് എടുത്ത്‌ വിരിഞ്ഞു നില്‍ക്കുന്ന ആനയുടെ ചന്തമുള്ള  ഭൂമി,  പ്രകൃതി അവളുടെ കഴിവിന്‍റെ പരമാവധി കുത്തഴിച്ച് അനുഗ്രഹിച്ച  ആ സസ്യശാമള ഗ്രാമഭൂവിലെ   "കൊന്നപ്പുറം മന" എന്ന ഒരു ജന്മി തറവാടിന്‍റെ അകത്തളങ്ങളില്‍ ഈ കഥ ആരംഭിക്കുന്നു ജീവിതത്തിന്‍റെ പാതി വഴിയില്‍ തുടച്ചെറിയപ്പെട്ട ഒരുപറ്റം ആത്മാക്കളുടെ ശാപം പോലെ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന അരുംകൊലകള്‍,  അതിന്‍റെ കാണാപ്പുറങ്ങള്‍ തേടിയുള്ള  യാത്രയില്‍ ഉണ്ടാകുന്ന വഴിതിരുവുകള്‍, നടുക്കുന്ന യഥ്ര്‍ത്യങ്ങള്‍,  ഇതാ ഇവിടെ അവള്‍ യാത്രയാരംഭിക്കുന്നു..... അവള്‍ കളപോലൊരു പെണ്‍കുട്ടി  
  
"കൊന്നപ്പുറം മന" അഥവാ  വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന ആ ഗ്രാമത്തിലെ ഒരു പ്രേതാലയം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ മനയിലെ താമസക്കാര്‍ ആയിരുന്ന മഹേന്ദ്രവര്‍മ്മ ഭാര്യ സുഭദ്ര അന്തര്‍ജനം മക്കളായ സാവിത്രി, സീമന്ദിനീ    എന്നിവര്‍ ഒറ്റ  കയറില്‍ നാല് കുരിക്കിട്ട് ഒരുമിച്ചു തൂങ്ങി മരിച്ചതിനു ശേഷം പോലീസ് താഴിട്ടു പൂട്ടിയ  ആ മനയിലേക്ക് നാട്ടുകാര്‍ ആരും പോകാറില്ലായിരുന്നു. അതുകൊണ്ട് തന്നെ ചുറ്റും കാട് പിടിച്ചു കിടക്കുന്നു. മനയുടെ വാതിലില്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഒരു ആഞ്ഞിലി മരം, ആഞ്ഞിലി മരത്തിനു താഴെ വവ്വാല്‍ ചപ്പിയ ആഞ്ഞിലി ചക്കകള്‍ കൂട്ടം കൂട്ടമായി ചിതറിക്കിടക്കുന്നു. എല്ലാ അമാവാസി രാത്രികളിലും  കൂട്ടനിലവിളിയും, കരോക്കെ ഗാനമേളയും ഒക്കെ അവിടെ നിന്നും കേള്‍ക്കാറുണ്ട് . പല പല  അമാവാസി രാത്രികളിലായി  പശുവിനെ കറക്കാന്‍ പോയ  കറവക്കാരന്‍ നാരായണന്‍, കള്ളവാറ്റുകാരന്‍ ജനദേവന്‍, സെക്കന്റ്‌ ഷോ കഴിഞ്ഞ് മടങ്ങി വന്ന ചായക്കടക്കാരന്‍ വാസുദേവന്‍റെ ഇളയമകന്‍ വീ. ഓമനക്കുട്ടന്‍  എന്നിവര്‍ പ്രേതങ്ങളെ കണ്ട്  പേടിച്ചു ടൈഫോയിഡ് പിടിപെട്ടു മരണമടയുകയും ചെയ്തിട്ടുണ്ട്   അതെല്ലാം നാട്ടുകാര്‍ക്ക്‌ ഇന്നും പേടിപ്പെടുത്തുന്ന ഓര്‍മ്മകളാണ്. നാളുകള്‍ പലതും കടന്നു പോയി കൊന്നപ്പുറം മനയും അവിടുത്തെ പ്രേതങ്ങളും നാട്ടുകാര്‍ക്ക്‌ പേടി സ്വപ്നം ആണെങ്കിലും അവര്‍ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു. 


പക്ഷെ   ആ ഗ്രാമം ഞെട്ടലോടെയാണ് അന്ന് ഉണര്‍ന്നത്. അങ്ങിങ്ങായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. കൂട്ടം കൂടി നില്‍ക്കുന്നവര്‍ ചിലര്‍ അടക്കം പറയുന്നു.  വിവരം അറിഞ്ഞവര്‍ അറിഞ്ഞവര്‍ കൊന്നപ്പുറം മന  ലക്ഷ്യമാക്കി അതി വേഗത്തില്‍ നടന്നു നീങ്ങുന്നു. അവിടെ എത്തിയവര്‍ എല്ലാം ആ കാഴ്ചകണ്ട് ഞെട്ടി തല തിരിച്ച്  നില്‍ക്കുന്നു. കുറച്ചുപേര്‍ റിലേ പോയി താടിക്ക് കൈ കൊടുത്തിരുന്ന്  നിലത്തു കളം വരയ്ക്കുന്നു. മുതിര്‍ന്നവര്‍ കുട്ടികളേയും സ്ത്രീകളെയും അവിടെ നിന്നും ആട്ടിപായിക്കുന്നു. അകലെനിന്നും ഒരു പോലീസ് ജീപ്പ് അലമുറയിട്ടു കൊണ്ട് പാഞ്ഞുവന്നു നിന്നു.  ജീപ്പിന്‍റെ മുന്നില്‍ നിന്നു സ്ഥലം എസ്. ഐ. ഉമ്മന്‍ കോശിയും  പുറകില്‍ നിന്നു ഒരു പെണ്‍ പട്ടിയും (പ്രിന്‍സി) കൂടെ മൂന്ന് പോലീസ്കാരും ചാടിയിറങ്ങി. കൂടി നിന്ന ജനങ്ങളെ  വകഞ്ഞുമാറ്റി പോലീസുകാര്‍ ആ മനയുടെ മിന്നിലേക്ക് നടന്നു  നീങ്ങി.

നടുക്കുന്ന ആ കാഴ്ച കണ്ട എസ് ഐ ഉമ്മന്‍ കോശി ഒരു ഞെട്ടലോടെ  തലയിലെ തൊപ്പിയൂരി കക്ഷത്തില്‍ വെച്ച് കൂടെയുള്ള പോലീസ്കാരെ  നോക്കി വാപൊളിച്ചു നിന്നു. 

നിയമപ്രകാരമുള്ള അറിയിപ്പ് 
ഗര്‍ഭിണികള്‍, ഹൃദയ സംബന്ധമായ അസുകം ഉള്ളവര്‍, കുട്ടികള്‍, മുന്‍പ് മാനസികമായി അസുകം വന്നു ചികിത്സിച്ചു ഭേതമായവര്‍, ലോല ഹൃദയമുള്ളവര്‍ ഇവരാരും  ഈ കഥ തുടര്‍ന്നു വായിക്കരുത്  


ഞെട്ടിത്തരിച്ചു നിന്ന എസ് ഐ . ഉമ്മന്‍ കോശി മനസില്ലാ മനസോടെ അത് പിന്നെയും നോക്കി   

അറിയപ്പെടുന്ന അബ്ക്കാരിയും വ്യവസായ പ്രേമുകനുമായ ഐസക് സാമുവലിന്‍റെ മകനും ലോ കോളേജ് വിദ്യാര്‍ഥിയുമായ എല്‍ബെര്‍ട്ട് സമുവലിനെ കൊന്നപ്പുറം മനയുടെ മുന്നിലുള്ള ആഞ്ഞിലി മരത്തിനു താഴെ കൈ വേറെ, കാല് വേറെ, തല വേറെ, കൈപ്പത്തി രണ്ട് വേറെ, കാല്‍പ്പാദം ഒന്ന് വേറെ, ആകെ മൊത്തം എട്ട്‌ കഷ്ണം 

........വെട്ടിക്കീറിയിട്ടിരിക്കുന്നു.

എസ് ഐ ഉമ്മന്‍ കോശിയുടെ നിര്‍ദേശപ്രകാരം പോലീസ് പട്ടി പ്രിന്‍സി ശരീരഭാഗങ്ങള്‍ ഓടി നടന്നു മണം പിടിച്ചു, മണം പിടിച്ച പ്രിന്‍സി നാല് റൌണ്ട് ആകാശത്തേക്ക് നോക്കി കുരച്ചു എന്നിട്ട് കൊന്നപ്പുറം മനയുടെ പിന്നിലെ കുറ്റി കാട് ലക്ഷ്യമാക്കിയോടി. കുറ്റിക്കാടിനകത്തേക്ക് ഓടിയ പ്രിന്‍സി പോയ വേഗത്തില്‍ തിരികെവന്നു  പേ പിടിച്ചപോലെ അവള്‍ ഉമ്മന്‍ കോശിയെ നോക്കി കുരക്കാന്‍ തുടങ്ങി ...പ്രിന്‍സിയുടെ മുഖം ആകെ വിളറിയിരിക്കുന്നു. അവള്‍ എന്തോ കണ്ട് പെടിച്ചപോലെ ആര്‍ത്തു കുരയ്ക്കുകയാണ് . എസ് ഐ ഉമ്മന്‍ കോശിയും കൂടെയുള്ള പോലീസ്കാരും മുകത്തോട് മുഖം നോക്കി ..ഓടിയടുത്ത നാട്ടുകാരും  പ്രിന്‍സിയുടെ കുരകണ്ട് നടുങ്ങി നിന്നു. 

ഉമ്മന്‍ കോശി കാടുപിടിച്ച് നിന്ന മുന്നണി ചെടികള്‍ വകഞ്ഞുമാറ്റി ആ കുറ്റിക്കാടിനുള്ളിലേക്ക് നടന്നു  കയറി. ഏതാനും മിനിട്ടുകള്‍ക്ക് ശേഷം എസ്. ഐ. ഉമ്മന്‍ കോശി പുറത്തേക്കു വന്നു ..  തലയില്‍ പിന്നേം തോപ്പിയില്ല വലതുകയ്യിലിരുന്ന തൊപ്പി ഇടതു കയ്യുടെ കക്ഷത്തില്‍ വെച്ചു എന്നിട്ട് വലത്ത് കൈകൊണ്ട് സ്വന്തം തലമുടിയില്‍ തടകിക്കൊണ്ട് പറഞ്ഞു 

പുല്ല്‌....വരണ്ടാരുന്നു 


തുടരും  ................

   
       
      

2011 ഫെബ്രുവരി 9, ബുധനാഴ്‌ച

ഉടന്‍ വരുന്നു സാഗര്‍ കോട്ടപ്പുറത്തിന്‍റെ ഏറ്റവും പുതിയ സസ്പ്പെന്‍സ് ത്രില്ലര്‍  
  കാളപോലൊരു പെണ്‍കുട്ടി 

കാള പോലൊരു പെണ്‍കുട്ടി 

2011 ജനുവരി 5, ബുധനാഴ്‌ച

നമ്പര്‍ 47 -AK അഫ്ഗാന്‍ മെയില്‍ (നാലാം ഭാഗം)

നാലാം ഭാഗം തുടങ്ങുന്നതിനു മുന്‍പായി ആരാധകരോട്  നാല് വാക്ക് 
ചില സാങ്കേതികവും മാനസികവും ഭൌതികവുമായ കാരണങ്ങളാല്‍ നമ്പര്‍ 47 അഫ്ഗാന്‍ മെയിലിന്‍റെ നാലാം ഭാഗം പുറത്തിറങ്ങാന്‍ ഉണ്ടായ കാലതാമസത്തില്‍ അഭൂത പൂര്‍വ്വമായ   നന്ദിയും ദുക്കവും രേഖപ്പെടുത്തി കൊള്ളുന്നു. കാത്തിരുന്ന് കാത്തിരുന്ന് കണ്ണു കിഴച്ച ദുഃഖത്തില്‍ ആത്മഹത്യ ചെയ്ത ആരാധകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ...   


നമ്പര്‍ 47 അഫ്ഗാന്‍ മെയില്‍ നാലാം ഭാഗം: 
ദാസനും പടക്കോപ്പും പിന്നെ വെടിയൊച്ചകളും

(
സിമ്പല്‍ കയ്യിലുള്ളവര്‍ക്ക് സിമ്പല്‍ അടിക്കാം. ഇല്ലാത്തവര്‍ വായിച്ചു തുടങ്ങുക)



 കാട്ടിലെ നിശബ്ധതയെ മാനഭംഗപ്പെടുത്തിയ ഭയാനക   മല്ല യുദ്ധത്തിനോടുവില്‍  ദാസന്‍റെ കത്തി  സ്പെഷ്യലിസ്റ്റ് ശിഷ്യനായ  ഹൈദ്രോസിന്‍റെ പിച്ചാത്തിപ്പിടിയാല്‍  പള്ള-കീറി-ചത്ത്‌  മലര്‍ന്നു കിടക്കുന്ന മൂന്ന് അതി ഘോര ഭീകരന്മാര്‍.



ഒഴുകിയ രക്തം കുടിലിനുള്ളില്‍  കട്ടപിടിച്ച് കിടക്കുന്നു. കുത്തിയ കത്തി വലിച്ചൂരി തറയില്‍ കുത്തിയിരുന്ന് നിലത്തു കളം വരയ്ക്കുന്ന ഹൈദ്രോസ്.   അവരുടെ മരണത്തിന്‍റെ സന്തോഷത്തില്‍  എന്നപോലെ  നിശബ്ദതയില്‍ കുളിച്ചുതോര്‍ത്തി നില്‍ക്കുന്ന മനോഹര പ്രകൃതി രമണി.   


അങ്ങകലെ കാടിന്‍റെ അഗാധ നീലിമയില്‍ കുറുക്കന്‍മ്മാര്‍ കൂട്ടമായി ഓരിയിടുന്ന മധുരസ്വര ഗീതങ്ങള്‍ വേണമെങ്കില്‍ കേള്‍ക്കാം. 


പെട്ടന്ന് ദാസന്‍ അട്ടഹസിച്ചുകൊണ്ട്  പൊട്ടി തെറിച്ചു!!! 


""എടുത്ത്‌ ചപ്പ് കൂട്ടിയിട്ടു കത്തിക്കടാ ഇവന്മാരെ""    


രണ്ട് രണ്ടര മിനിട്ട് നേരം നീണ്ടു നിന്ന കാട്ടിലെ നിശബ്ദത ദാസന്‍റെ ആക്രോശത്തില്‍ ശബ്ദ മുകരിതമായി


ചത്ത ഭീകരന്മാരെ കൂട്ടത്തോടെ കത്തിച്ചിട്ട് അവര്‍ മാരക ആയുധങ്ങള്‍ എല്ലാം ചാക്കുകളില്‍  വാരി നിറച്ച്  മറ്റഡോര്‍ വാന്‍ ലക്ഷ്യമാക്കി നടന്നു  "സഫറോം കി സിന്തകി ജോ കഭി നഹി കതം ഹോ ജാതി ഹേ" 


അതേ അവര്‍ നടക്കുകയാണ് ..വാന്‍ ലക്ഷ്യമാക്കി നടക്കുകയാണ് ...നടപ്പവസാനിച്ചു..


ആയുധങ്ങള്‍ വാനില്‍ നിറച്ചു.  


അന്തകാരത്തിന്‍റെ കരിനിഴല്‍ വീണു തുടങ്ങിയ കാനന ഹൃദയത്തിലൂടെ അലറി വിളിച്ചുകൊണ്ട് വാന്‍ തിരികെ കടുവാന്‍ചേരി ലക്ഷ്യമാക്കി കുതിച്ചു.  ഒരു ആറ് ആറര ആറേമുക്കാല്‍ ഒക്കെ ആയപ്പോ വണ്ടി ആമിനവിലാസം ചായക്കടയുടെ മുന്നില്‍ എത്തി ദാസന്‍ വാനില്‍ നിന്നും ചാടിയിറങ്ങി..


 റസിയ അടിച്ച പൊറോട്ട താഴെയിട്ടിട്ട് ദാസന്‍റെ അരികിലേക്ക് ഓടിയടുത്തു ദാസന്‍റെ മുന്നില്‍ ചെന്ന് മുകത്ത് നോക്കാതെ നിലത്തു  നോക്കിയവള്‍ പകച്ചു നിന്നു. 


ദാസന്‍ മുന്നോട്ട് ചെന്ന് റസിയയെ കെട്ടി പിടിച്ചു. തീവ്രമായ ആലിംഗനം അതായത് ഒരു ഒന്ന് ഒന്നര കെട്ടിപ്പിടുത്തം  


....ഞരക്കം......നിശബ്ദം.....


ചായക്കടയില്‍ ഇരുന്നവര്‍ പകുതി  കടിച്ച ബോണ്ടയുമായി വാ പോളിച്ചിരിക്കുന്നു


സീ സീ അടയാറായ കിളവന്മ്മാര്‍ നെന്‍ചത്ത്‌ ഇടിച്ചിട്ട്‌  ഊറി ചിരിക്കുന്നു


റസിയയുടെ  കൈകള്‍  ദാസന്‍റെ പുറത്ത് അലഞ്ഞു നടന്നു ...


ദാസന്‍റെ  അരയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന തോക്കില്‍ റസിയയുടെ കയ്യുടക്കി 


ദാസന്‍റെ അടഞ്ഞ കണ്ണുകള്‍ തളളി പുറത്തേക്കു വന്നു  


"""ദാസന്‍ രണ്ടാമത് ഒന്ന് ആലോചിക്കും മുന്‍പ് റസിയ തോക്കെടുത്ത് ദാസന്‍റെ പുറത്ത് വെച്ച് പൊട്ടിച്ചു""


ഒന്നല്ല  രണ്ടുമല്ല മൊത്തം മൂന്ന് വെടി


വെടി കൊണ്ട് വീണ ദാസന്‍റെ അടുത്തേക്ക് വാനില്‍ നിന്നും ചാടിയിറങ്ങി പാഞ്ഞടുത്ത  


ഹൈദ്രോസ്
ജോസ്
വാസു  


എന്നിവര്‍ യഥാക്രമം റസിയയുടെ വെടി കൊണ്ട് പിടഞ്ഞു വീണ് ചത്ത്‌. 



മരത്തിലിരുന്ന കാക്കകള്‍ നിലവിളിച്ചു കൊണ്ട് പറന്നുയര്‍ന്നു

ചായക്കടയിളിരുന്നവര്‍ കുറച്ചുപേര്‍  ചിതറിയോടി 


ബാക്കിയുള്ളവര്‍ ചിതറാതെ ഓടി !!


ഇത് കണ്ട് റസിയയുടെ അമ്മ ആമിനയുടെ നെന്‍ചത്തടിച്ചുള്ള നിലവിളി കേട്ട് റസിയ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു!!


നിലവിളിച്ചു  കൊണ്ട് ഞെട്ടിയുണര്‍ന്ന റസിയയുടെ നിലവിളി കേട്ട് റസിയയെ കെട്ടിപ്പിടിച്ചു കിടന്നിരുന്ന ദാസനും ഞെട്ടി ഉണര്‍ന്നു !!!!


എന്ത് പറ്റി റസിയ എന്ത് പറ്റി 


വികാര വിക്ഷോപിതനായി ദാസന്‍ ചോദിച്ചു 


റെസിയ ആകെ വിയര്‍ത്തു കുളിച്ചിരുന്നു..  


സ്വപ്നം കണ്ട് അല്ലേ 


ഉം ... റസിയ മൂളി 


ദാസന്‍ കെട്ടിപ്പിടിച്ച് റസിയയുടെ കവിളില്‍ ചുംബിച്ചിട്ടു പറഞ്ഞു 


വെറുതെ മനുഷ്യനെ കൊതിപ്പിക്കരുത്......


അപ്പോള്‍ നേരം പറ പറാന് വെളുത്തിരുന്നു 


ദാസന്‍ പറഞ്ഞു 


എന്നാ നീ എണീറ്റ്‌ പോയി ബെഡ് കോഫി ഒണ്ടാക്കി കൊണ്ട് വാ 


റസിയ ദാസന്‍റെ കൈകള്‍ എടുത്ത്‌ മാറ്റി അടുക്കളയിലേക്ക് നടന്നകന്നു.............


********ശുഭം ********

ഈ  സ്വപ്നത്തില്‍ വേഷമിട്ടവര്‍   

സ്വപ്നം : ഫുള്‍ സ്റ്റോറി 
ദാസന്‍ : റസിയയുടെ ഭര്‍ത്താവ് 
റസിയ : ദാസന്‍റെ ഭാര്യ 
ആമിന : ദാസന്‍റെ അമ്മായി അമ്മ
മറ്റഡോര്‍ വാന്‍ : അഫ്ഗാന്‍ മെയില്‍ 
ആനപ്പാറ  വനം : അഫ്ഗാനിസ്ഥാന്‍ 

ഈ കഥക്കും കഥാ പത്രങ്ങള്‍ക്കും  ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല . അഥവാ അങ്ങനെ തോനിയാല്‍ അത് നിങ്ങള്‍ക്ക് തോനിയത് കൊണ്ട് മാത്രം  ...അല്ല പിന്നെ ദേഷ്യം വരുല്ലേ  

********************അവസാനിച്ചു******************



ഉടന്‍ വരുന്നു സാഗര്‍ കോട്ടപ്പുറത്തിന്‍റെ


 ഏറ്റവുംപുതിയ നോവല്‍  


തുഷാരബിന്ദുക്കള്‍