മുന്നറിയിപ്പ്


2011, ഫെബ്രുവരി 16, ബുധനാഴ്‌ച

അവള്‍ കാള പോലൊരു പെണ്‍കുട്ടി (സ്വര്‍ഗം ഒന്ന്)

സ്വര്‍ഗം ഒന്ന് 


മധ്യതിരുവതാംകൂര്‍ രാജകുടുംബത്തിലെ  നാല്‍പ്പത്തി ആറാമത്  തായ് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ  ഒരുകൂട്ടം ക്ഷത്രിയ കുടുംബങ്ങള്‍ അടക്കം അനേകം ആളുകള്‍  തിങ്ങി പാര്‍ക്കുന്ന കേരളത്തിലെ ഒരു കൊച്ചു ഗ്രാമം.  ഇടിഞ്ഞു വീഴാറായ പഴയ  നാലുകെട്ടുകള്‍,  മനകള്‍, പൂവനങ്ങള്‍ , ഒറ്റപ്പെട്ടു മാത്രം കാണപ്പെടുന്ന  പോട്ടക്കുളങ്ങള്‍,  മാസം തികഞ്ഞ് പേറാന്‍ നില്‍ക്കുന്ന മുണ്ടകപ്പാടങ്ങള്‍  ,മുട്ടിട്ടു നില്‍ക്കുന്ന ഏതാനും  പെട്ടിക്കടകള്‍, ഒരു ചായക്കട, ചായക്കടയുടെ മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന നാല് ഏത്തക്കുലകള്‍ ഇതൊക്കെയാണ് ഒറ്റനോട്ടത്തില്‍ ആ ഗ്രാമം. മൊത്തത്തില്‍ പറഞ്ഞാല്‍ തിടമ്പ് എടുത്ത്‌ വിരിഞ്ഞു നില്‍ക്കുന്ന ആനയുടെ ചന്തമുള്ള  ഭൂമി,  പ്രകൃതി അവളുടെ കഴിവിന്‍റെ പരമാവധി കുത്തഴിച്ച് അനുഗ്രഹിച്ച  ആ സസ്യശാമള ഗ്രാമഭൂവിലെ   "കൊന്നപ്പുറം മന" എന്ന ഒരു ജന്മി തറവാടിന്‍റെ അകത്തളങ്ങളില്‍ ഈ കഥ ആരംഭിക്കുന്നു ജീവിതത്തിന്‍റെ പാതി വഴിയില്‍ തുടച്ചെറിയപ്പെട്ട ഒരുപറ്റം ആത്മാക്കളുടെ ശാപം പോലെ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന അരുംകൊലകള്‍,  അതിന്‍റെ കാണാപ്പുറങ്ങള്‍ തേടിയുള്ള  യാത്രയില്‍ ഉണ്ടാകുന്ന വഴിതിരുവുകള്‍, നടുക്കുന്ന യഥ്ര്‍ത്യങ്ങള്‍,  ഇതാ ഇവിടെ അവള്‍ യാത്രയാരംഭിക്കുന്നു..... അവള്‍ കളപോലൊരു പെണ്‍കുട്ടി  
  
"കൊന്നപ്പുറം മന" അഥവാ  വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന ആ ഗ്രാമത്തിലെ ഒരു പ്രേതാലയം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ മനയിലെ താമസക്കാര്‍ ആയിരുന്ന മഹേന്ദ്രവര്‍മ്മ ഭാര്യ സുഭദ്ര അന്തര്‍ജനം മക്കളായ സാവിത്രി, സീമന്ദിനീ    എന്നിവര്‍ ഒറ്റ  കയറില്‍ നാല് കുരിക്കിട്ട് ഒരുമിച്ചു തൂങ്ങി മരിച്ചതിനു ശേഷം പോലീസ് താഴിട്ടു പൂട്ടിയ  ആ മനയിലേക്ക് നാട്ടുകാര്‍ ആരും പോകാറില്ലായിരുന്നു. അതുകൊണ്ട് തന്നെ ചുറ്റും കാട് പിടിച്ചു കിടക്കുന്നു. മനയുടെ വാതിലില്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഒരു ആഞ്ഞിലി മരം, ആഞ്ഞിലി മരത്തിനു താഴെ വവ്വാല്‍ ചപ്പിയ ആഞ്ഞിലി ചക്കകള്‍ കൂട്ടം കൂട്ടമായി ചിതറിക്കിടക്കുന്നു. എല്ലാ അമാവാസി രാത്രികളിലും  കൂട്ടനിലവിളിയും, കരോക്കെ ഗാനമേളയും ഒക്കെ അവിടെ നിന്നും കേള്‍ക്കാറുണ്ട് . പല പല  അമാവാസി രാത്രികളിലായി  പശുവിനെ കറക്കാന്‍ പോയ  കറവക്കാരന്‍ നാരായണന്‍, കള്ളവാറ്റുകാരന്‍ ജനദേവന്‍, സെക്കന്റ്‌ ഷോ കഴിഞ്ഞ് മടങ്ങി വന്ന ചായക്കടക്കാരന്‍ വാസുദേവന്‍റെ ഇളയമകന്‍ വീ. ഓമനക്കുട്ടന്‍  എന്നിവര്‍ പ്രേതങ്ങളെ കണ്ട്  പേടിച്ചു ടൈഫോയിഡ് പിടിപെട്ടു മരണമടയുകയും ചെയ്തിട്ടുണ്ട്   അതെല്ലാം നാട്ടുകാര്‍ക്ക്‌ ഇന്നും പേടിപ്പെടുത്തുന്ന ഓര്‍മ്മകളാണ്. നാളുകള്‍ പലതും കടന്നു പോയി കൊന്നപ്പുറം മനയും അവിടുത്തെ പ്രേതങ്ങളും നാട്ടുകാര്‍ക്ക്‌ പേടി സ്വപ്നം ആണെങ്കിലും അവര്‍ അതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു. 


പക്ഷെ   ആ ഗ്രാമം ഞെട്ടലോടെയാണ് അന്ന് ഉണര്‍ന്നത്. അങ്ങിങ്ങായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. കൂട്ടം കൂടി നില്‍ക്കുന്നവര്‍ ചിലര്‍ അടക്കം പറയുന്നു.  വിവരം അറിഞ്ഞവര്‍ അറിഞ്ഞവര്‍ കൊന്നപ്പുറം മന  ലക്ഷ്യമാക്കി അതി വേഗത്തില്‍ നടന്നു നീങ്ങുന്നു. അവിടെ എത്തിയവര്‍ എല്ലാം ആ കാഴ്ചകണ്ട് ഞെട്ടി തല തിരിച്ച്  നില്‍ക്കുന്നു. കുറച്ചുപേര്‍ റിലേ പോയി താടിക്ക് കൈ കൊടുത്തിരുന്ന്  നിലത്തു കളം വരയ്ക്കുന്നു. മുതിര്‍ന്നവര്‍ കുട്ടികളേയും സ്ത്രീകളെയും അവിടെ നിന്നും ആട്ടിപായിക്കുന്നു. അകലെനിന്നും ഒരു പോലീസ് ജീപ്പ് അലമുറയിട്ടു കൊണ്ട് പാഞ്ഞുവന്നു നിന്നു.  ജീപ്പിന്‍റെ മുന്നില്‍ നിന്നു സ്ഥലം എസ്. ഐ. ഉമ്മന്‍ കോശിയും  പുറകില്‍ നിന്നു ഒരു പെണ്‍ പട്ടിയും (പ്രിന്‍സി) കൂടെ മൂന്ന് പോലീസ്കാരും ചാടിയിറങ്ങി. കൂടി നിന്ന ജനങ്ങളെ  വകഞ്ഞുമാറ്റി പോലീസുകാര്‍ ആ മനയുടെ മിന്നിലേക്ക് നടന്നു  നീങ്ങി.

നടുക്കുന്ന ആ കാഴ്ച കണ്ട എസ് ഐ ഉമ്മന്‍ കോശി ഒരു ഞെട്ടലോടെ  തലയിലെ തൊപ്പിയൂരി കക്ഷത്തില്‍ വെച്ച് കൂടെയുള്ള പോലീസ്കാരെ  നോക്കി വാപൊളിച്ചു നിന്നു. 

നിയമപ്രകാരമുള്ള അറിയിപ്പ് 
ഗര്‍ഭിണികള്‍, ഹൃദയ സംബന്ധമായ അസുകം ഉള്ളവര്‍, കുട്ടികള്‍, മുന്‍പ് മാനസികമായി അസുകം വന്നു ചികിത്സിച്ചു ഭേതമായവര്‍, ലോല ഹൃദയമുള്ളവര്‍ ഇവരാരും  ഈ കഥ തുടര്‍ന്നു വായിക്കരുത്  


ഞെട്ടിത്തരിച്ചു നിന്ന എസ് ഐ . ഉമ്മന്‍ കോശി മനസില്ലാ മനസോടെ അത് പിന്നെയും നോക്കി   

അറിയപ്പെടുന്ന അബ്ക്കാരിയും വ്യവസായ പ്രേമുകനുമായ ഐസക് സാമുവലിന്‍റെ മകനും ലോ കോളേജ് വിദ്യാര്‍ഥിയുമായ എല്‍ബെര്‍ട്ട് സമുവലിനെ കൊന്നപ്പുറം മനയുടെ മുന്നിലുള്ള ആഞ്ഞിലി മരത്തിനു താഴെ കൈ വേറെ, കാല് വേറെ, തല വേറെ, കൈപ്പത്തി രണ്ട് വേറെ, കാല്‍പ്പാദം ഒന്ന് വേറെ, ആകെ മൊത്തം എട്ട്‌ കഷ്ണം 

........വെട്ടിക്കീറിയിട്ടിരിക്കുന്നു.

എസ് ഐ ഉമ്മന്‍ കോശിയുടെ നിര്‍ദേശപ്രകാരം പോലീസ് പട്ടി പ്രിന്‍സി ശരീരഭാഗങ്ങള്‍ ഓടി നടന്നു മണം പിടിച്ചു, മണം പിടിച്ച പ്രിന്‍സി നാല് റൌണ്ട് ആകാശത്തേക്ക് നോക്കി കുരച്ചു എന്നിട്ട് കൊന്നപ്പുറം മനയുടെ പിന്നിലെ കുറ്റി കാട് ലക്ഷ്യമാക്കിയോടി. കുറ്റിക്കാടിനകത്തേക്ക് ഓടിയ പ്രിന്‍സി പോയ വേഗത്തില്‍ തിരികെവന്നു  പേ പിടിച്ചപോലെ അവള്‍ ഉമ്മന്‍ കോശിയെ നോക്കി കുരക്കാന്‍ തുടങ്ങി ...പ്രിന്‍സിയുടെ മുഖം ആകെ വിളറിയിരിക്കുന്നു. അവള്‍ എന്തോ കണ്ട് പെടിച്ചപോലെ ആര്‍ത്തു കുരയ്ക്കുകയാണ് . എസ് ഐ ഉമ്മന്‍ കോശിയും കൂടെയുള്ള പോലീസ്കാരും മുകത്തോട് മുഖം നോക്കി ..ഓടിയടുത്ത നാട്ടുകാരും  പ്രിന്‍സിയുടെ കുരകണ്ട് നടുങ്ങി നിന്നു. 

ഉമ്മന്‍ കോശി കാടുപിടിച്ച് നിന്ന മുന്നണി ചെടികള്‍ വകഞ്ഞുമാറ്റി ആ കുറ്റിക്കാടിനുള്ളിലേക്ക് നടന്നു  കയറി. ഏതാനും മിനിട്ടുകള്‍ക്ക് ശേഷം എസ്. ഐ. ഉമ്മന്‍ കോശി പുറത്തേക്കു വന്നു ..  തലയില്‍ പിന്നേം തോപ്പിയില്ല വലതുകയ്യിലിരുന്ന തൊപ്പി ഇടതു കയ്യുടെ കക്ഷത്തില്‍ വെച്ചു എന്നിട്ട് വലത്ത് കൈകൊണ്ട് സ്വന്തം തലമുടിയില്‍ തടകിക്കൊണ്ട് പറഞ്ഞു 

പുല്ല്‌....വരണ്ടാരുന്നു 


തുടരും  ................

   
       
      

2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ഉടന്‍ വരുന്നു സാഗര്‍ കോട്ടപ്പുറത്തിന്‍റെ ഏറ്റവും പുതിയ സസ്പ്പെന്‍സ് ത്രില്ലര്‍  
  കാളപോലൊരു പെണ്‍കുട്ടി 

കാള പോലൊരു പെണ്‍കുട്ടി